കുന്നത്തുനാടിന് ലഭിച്ച ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് ബാബു ദിവാകരനെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. മഴുവന്നൂർ പഞ്ചായത്തിലൂടെ ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശതകോടീശ്വരൻ ആയ സ്ഥാനാർഥികളാണ് മറ്റ് മുന്നണികൾക്ക് ഉള്ളത്. എന്നാൽ ബാബു ദിവാകരൻ ഇവരിൽ വ്യത്യസ്ഥനാണ്. പട്ടിണി കിടന്നിട്ടുള്ളവനെ വിശപ്പിന്റെ വില അറിയൂ. വാടക വീടുകളിൽ അന്തിയുറങ്ങിയവനെ അടച്ചുറപ്പുള്ള വീടിന്റെ വില അറിയൂ. രോഗി ആയ ഭാര്യയെ പരിചരിച്ചവനെ മരുന്നിന്റെ മൂല്യം അറിയൂ. ഇങ്ങനെ നോക്കുമ്പോൾ ഈ സാഹചര്യങ്ങളെ അനുഭവിച്ചറിഞ്ഞ ബാബു ദിവാകരന് മാത്രമേ കുന്നത്തുനാടിനെ മുന്നോട്ട് നയിക്കാൻ സാധിക്കൂവെന്നും അദ്ദേഹം സദസിനെ ഓർമിപ്പിച്ചു.

കഴിഞ്ഞ 14 വര്‍ഷം കുന്നത്തുനാട്ടിലെ വിവിധ ഇടങ്ങളില്‍ ട്വന്റി20 നടപ്പിലാക്കിയ വികസന ക്ഷേമ പദ്ധതികളും, വിവിധ സംസ്ഥാനങ്ങളില്‍ എന്‍.ഡി.എ പൂർത്തിയാക്കിയ വികസന പദ്ധതികളും മാതൃകയായി ചൂണ്ടികാണിച്ചാണ് എൻഡിഎ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇടത് -വലത് മുന്നണികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത വികസന പദ്ധതികൾ ഉൾപെടുത്തിയാണ് എൻഡിഎ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഭരണം നേടാനായാൽ എൻഡിഎയുടെ നേതൃത്വത്തിൽ കേരളത്തിലെ 941 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റുകൾ ആരംഭിക്കും. പദ്ധതി പൂര്‍ത്തീകരണത്തിന് 5 വര്‍ഷം വരെ എടുത്തേക്കും. പദ്ധതി പൂർത്തീകരണം വരെയുള്ള കാലയളവിൽ വിലക്കയറ്റം കേരളത്തിലെ ജനങ്ങളെ ബാധിക്കാതിരിക്കാൻ ഉടനടി എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2500 രൂപ, പ്രതിവര്‍ഷം 30000 രൂപ എന്ന നിരക്കിൽ ലഭിക്കുന്ന ധന സഹായ പദ്ധതി ആരംഭിക്കും. ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് സ്ഥാപിക്കുംവരെ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഈ പണം ഉപയോഗിക്കാൻ സാധിക്കും. 50 ശതമാനം വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കും. കൃഷിക്കാര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായവും കൃഷിക്ക് 5 ലക്ഷംവരെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കും. തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയവ വളർത്തി വില്‍ക്കുന്നതിന് സർക്കാർ അനുമതി ഒഴിവാക്കും. 50 ശതമാനംവരെ വൈദ്യുതി സബ്‌സിഡി ഉറപ്പാക്കും. ഓരോ കുടുംബത്തിനും പ്രതിവർഷം സിലിണ്ടറുകള്‍ വീതം സൗജന്യമായി നൽകും. പ്രതിമാസം 20000 ലിറ്റര്‍ ശുദ്ധജലം സൗജന്യമായി.70 കഴിഞ്ഞവര്‍ വിധവര്‍, ഗൃഹനാഥകള്‍ക്ക് സാമൂഹിക പെന്‍ഷന്‍ ഉറപ്പാക്കും. കേരളത്തിൽ എയിംസ് കൊണ്ടുവരും. 12 വരെ സൗജന്യ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഉറപ്പാക്കും. കേരളത്തെ ലഹരി വിമുക്തമാക്കുകയും തെരുവുനായ പ്രശ്‌നം പരിഹരിക്കുകയും ചെയ്യും.

മുല്ലപ്പെരിയാർ പ്രശ്നംപൂർണമായും പരിഹരിക്കും . കരിങ്കൽ ഭിത്തി കെട്ടി തീരദേശത്തെ കടൽ കയ്യേറുന്ന സാഹചര്യത്തിന് ശാസ്ത്രീയമായി പരിഹാരം കാണും. വന്യജീവി ആക്രമണം നൂറു ശതമാനം പരിഹരിക്കും. ചെറുകിട സംരംഭകരായ തൊഴിൽ ദാതാക്കൾക്ക് തൊഴിലാളിക്ക് ഒരു ലക്ഷം എന്ന രീതിയിൽ സാമ്പത്തിക പിന്തുണ നൽകികൊണ്ട് യുവാക്കൾ മികച്ച ജീവിത നിലവാരം തേടി നാടുവിടുന്ന പ്രവണത അവസാനിപ്പിക്കും.
കേരളത്തിന്റെ പൊതുകടം ആറ് ലക്ഷത്തി അമ്പതിനായിരം കോടി ആയി ഉയർന്നു. 8 വർഷം കൊണ്ട് പൊതുകടം പൂജ്യമാക്കും. ഒമ്പതാം വർഷം മിച്ചം തുക ജനങ്ങളുടെ പേരിൽ നിക്ഷേപം ഇടും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് പത്രികയിൽ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ഒരു അമ്മയുടെയും കുട്ടിയുടെയും കരച്ചിൽ ഇവിടെ ഇനി ഉയരരുത്. അതിന് എൻഡ്എയ്ക്കെ സാധിക്കു. സാബു ജേക്കബിനും രാജീവ് ചന്ദ്രശേഖറിനും മാർഗ ദർശിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉണ്ട്. ഇപ്പോൾ ചെകുത്താന്റെ നാടായി മാറിയ കേരളത്തെ ദൈവത്തിന്റെ നാടാക്കി എൻഡിഎ തിരികെ കൊണ്ടുവരും. ഇത് സാബു ജേക്കബിന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും മാത്രം ഉറപ്പല്ല. ഇത് ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ കൺവീനർ വി എൻ വിജയൻ, ട്വന്റി 20 കുന്നത്തുനാട് മണ്ഡലം വൈസ് പ്രസിഡന്റ് കൊച്ചുമോൾ മാത്യു. ട്വന്റി 20 കുന്നത്തുനാട് മണ്ഡലം സെക്രട്ടറി ജിന്റോ ജോൺ, എക്സിക്യുട്ടിവ് അംഗം ഡോ. ജോർജ് പോൾ തുടങ്ങിയവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.













