ആന്റോ അഗസ്റ്റിന്‍ സഹോദരന്മാരെ മരം മുറി കേസില്‍ അറസ്റ്റ് ചെയ്തത് പിണറായി സര്‍ക്കാരാണ്. എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ ഒരു ചാനലുമായിട്ട് വരുന്ന അദ്ദേഹത്തെ മാമോദിസ മുക്കി സിപിഎമ്മുകാര്‍ വിശുദ്ധനായിട്ട് പ്രഖ്യപിച്ച കാഴ്ചയാണ് നാം കണ്ടത്. ഈ ചാനല്‍ മേടിക്കുന്നതിനുള്ള പണം എവിടെനിന്ന് വന്നു. ആര് നല്‍കി എന്നിവ പരിശോധിക്കണമെന്നും, ഇതിന് പിന്നില്‍ വലിയ കള്ളപ്പണ ഇടപാടും ഹവാല ഇടപാടും നടന്നിട്ടുണ്ടെന്നും സാബു ജേക്കബ് ആരോപിച്ചു. മെസ്സി വിവാദത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നടന്ന റെയ്ഡിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് വെറുമൊരു മെസ്സി വിവാദം മാത്രമല്ല. മെസ്സിയുടെ പേരില്‍ കലൂര്‍ സ്‌റ്റേഡിയംതന്നെ കൈക്കലാക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായാണ് മനസ്സിലാകുന്നത്. വിശദമായി അന്വേഷിക്കേണ്ട വിഷയമാണിത്.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ ഞാന്‍ ഹൈക്കോടതിയില്‍ പോയി. ഒരു ടി.വി ചാനലിന് പ്രവര്‍ത്തിക്കണമെങ്കില്‍ ദേശിയ സുരക്ഷാ ക്ലിയറന്‍സ് വേണം. ഇതുമായി ബന്ധപ്പെട്ട് അഗസ്റ്റിന്‍ സഹോദരങ്ങള്‍ മൂന്ന് തവണ നല്‍കിയ അപേക്ഷകളും കേന്ദ്രം തള്ളിക്കളഞ്ഞു. സുരക്ഷാ ക്ലിയറന്‍സ് പോലും ഇല്ലാത്ത ആളുകളാണ് ചാനല്‍ നടത്തി ഇങ്ങനെ തട്ടിപ്പ് നടത്തുന്നത്.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കി ബ്ലാക്‌മെയില്‍ നടത്തി പണം തട്ടുകയാണ് ഈ സംഘം ചെയ്തുവരുന്നത്. ഞാന്‍ റിപ്പോര്‍ട്ടര്‍ക്ക് എതിരെ ഹൈക്കോടതിയില്‍ പോയപ്പോള്‍ എന്റെ വക്കീലിനെ സ്വാധിനിക്കാനും ഇവര്‍ ശ്രമം നടത്തി.
സകല മേഖലകളിലുമുള്ള ഉദ്യോഗസ്ഥരരെയും രാഷ്ട്രീയക്കാരെയും സ്വാധീന വലയത്തില്‍ പെടുത്തിയിട്ടുണ്ട് എന്ന അഹംഭാവമാണ് ആന്റോയ്ക്കുള്ളത്. ഈ അഹംഭാവത്തിന്റെ പുറത്താണ് ചാനലില്‍ നടന്ന റെയ്ഡിനെ ചാനലിലൂടെ തന്നെ ന്യായീകരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. അങ്ങനെ ന്യായീകരിച്ചയാള്‍ ജയിലില്‍ ആയതോടെ ചാനലിന് ഇപ്പോള്‍ മിണ്ടാവൃതമാണ്. ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്കിപ്പോള്‍ ഉത്തരമില്ല. ഇത്തരക്കാരെ നിയമത്തിന്റെ വഴിയിലൂടെ അഴിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ അത് കേരളത്തിന് നേരിടേണ്ടിവരുന്ന വലിയ ദുരന്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

















