വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പതിവുപോലെ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തിറങ്ങുമെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇടതുപക്ഷവും കോണ്‍ഗ്രസ്സുകാരും ചേര്‍ന്ന് വോട്ട് ചോര്‍ത്താന്‍ നടത്തുന്ന തട്ടിപ്പുകളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കോലഞ്ചേരിയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തുറന്നടിച്ചു.
ട്വന്റി 20 യുടെ വളര്‍ച്ചയില്‍ ഭയപ്പെട്ടാണ് ഇരു മുന്നണികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ പറയും: ‘ട്വന്റി 20-ക്ക് വോട്ട് ചെയ്താല്‍ അത് കമ്മ്യൂണിസ്റ്റുകാരെ വിജയിപ്പിക്കാനാണ്.’കമ്മ്യൂണിസ്റ്റുകാര്‍ പറയും: ‘ട്വന്റി 20-ക്ക് വോട്ട് ചെയ്താല്‍ അത് കോണ്‍ഗ്രസ്സുകാരെ വിജയിപ്പിക്കാനാണ്.’ ഇത് പാവം ജനങ്ങളെ ഭയപ്പെടുത്തി, തങ്ങള്‍ക്ക് വോട്ട് ചെയ്യിക്കാനുള്ള ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ മാത്രമാണെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി.
വോട്ട് നഷ്ടപ്പെടുമെന്ന ഭയം വരുമ്പോള്‍ ഇരുപാര്‍ട്ടികളും നടത്തുന്ന വിലപേശല്‍ തന്ത്രങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഒരു രക്ഷയുമില്ലാതെ വരുമ്പോള്‍ അവര്‍ ‘പഞ്ചായത്തില്‍ ട്വന്റി 20-ന് വോട്ട് ചെയ്‌തോളൂ, ബ്ലോക്ക് പഞ്ചായത്തില്‍ ഞങ്ങള്‍ക്ക് ചെയ്യൂ’ എന്ന് പറയുന്ന സ്ഥിതിയുണ്ട്.’ എങ്ങനെ എങ്കിലും ഒരു സീറ്റോ, ഒരു വോട്ടോ കിട്ടാനുള്ള അവസാന ശ്രമങ്ങളാണ് ഇതെല്ലാം. ഇതൊന്നും ഫലം കണ്ടില്ലെങ്കില്‍, തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചകളില്‍ പണവും മദ്യവും നല്‍കി വോട്ട് വാങ്ങുന്ന പ്രവണതയാണ് ഇരുപാര്‍ട്ടികളും ചെയ്യുന്നത്. മദ്യവാഗ്ദാനങ്ങളില്‍ വീഴുന്നവര്‍ക്ക് പിന്നീട് നല്ല ജീവിതം ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
2015-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്ത് ട്വന്റി 20-ക്ക് ഒരു സീറ്റ് നഷ്ടപ്പെടാന്‍ കാരണം ആ വാര്‍ഡില്‍ കോണ്‍ഗ്രസ് 10 ലക്ഷം രൂപശയോളം ചിലവഴിച്ച് വോട്ടര്‍മാരെ വിലക്കെടുത്തതിനാലാണെന്നും സാബു എം ജേക്കബ് ആരോപിച്ചു. ട്വന്റി 20-യുടെ കൂടെ പ്രവര്‍ത്തിച്ചാല്‍ യൂണിയന്‍ തൊഴിലാളികളുടെ ജോലി കളയുമെന്നും, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ തൊഴിലുറപ്പ് ജോലി നഷ്ടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുന്നതിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. സൊസൈറ്റിയില്‍ നിന്ന് ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ജപ്തിയിലേക്ക് കൊണ്ടുപോകുമെന്ന ഭീഷണിയും ചിലര്‍ ജനങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഇതെല്ലാം. കൂടാതെ, ‘ട്വന്റി 20 ജയിച്ചാല്‍ പെന്‍ഷന്‍ ഇല്ലാതെയാകും’ എന്ന് പറഞ്ഞ് പ്രായമായവരെ തെറ്റിദ്ധരിപ്പിക്കുന്നതും, തിരഞ്ഞെടുപ്പിന്റെ തലേദിവസം ബൂത്തില്‍ അടിയുണ്ടാകുമെന്ന് പറഞ്ഞ് ജനങ്ങളെ വോട്ട് ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ‘ജനാധിപത്യം പ്രസംഗിച്ചിട്ട് ജനങ്ങളെ ഭീഷണിപ്പെടുത്തി, തെറ്റിദ്ധരിപ്പിച്ച് അടിമകളാക്കി വോട്ട് ചെയ്യിക്കുന്നതാണോ ജനാധിപത്യം?’ – സാബു എം. ജേക്കബ് ചോദിച്ചു. ജനങ്ങളെ സേവിച്ച്, നാടിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ച്, സ്‌നേഹത്തോടെയുള്ള വോട്ടാണ് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും നേടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അധികാരം പിടിച്ചിട്ടുള്ളത് തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും മാത്രമാണെന്നും, ജനങ്ങളെ നേരിടാനുള്ള തന്റേടമോ ധൈര്യമോ അവര്‍ക്കില്ലെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു.
















