കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയത്തിനും ഭരണ മാറ്റങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് അഴിമതി രഹിത ഭരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിച്ച് ട്വന്റി20. 2015ല്‍ ഒരു പഞ്ചായത്തില്‍ മത്സരിച്ചുകൊണ്ടാണ് ട്വന്റി20 തേരോട്ടം ആരംഭിച്ചത്. മത്സരിച്ച 19 സീറ്റുകളില്‍ 17 സീറ്റുകള്‍ വിജയിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കാന്‍ ട്വന്റി20ക്ക് സാധിച്ചു. 2020ല്‍ സമീപത്തെ 4 പഞ്ചായത്തുകളില്‍ കൂടി മത്സരിച്ചു. മത്സരിച്ച എല്ലാ പഞ്ചായത്തുകളിലും വിജയിച്ചു. പിന്നീട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെല്ലാം ട്വന്റി20 വിജയം ആവര്‍ത്തിച്ചു. ആകെ 91 സ്ഥാനാര്‍ത്ഥികളെയാണ് 2020ല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിച്ചത്. 2025 ആകുമ്പോള്‍ 9 ജില്ലകളില്‍ 60 പഞ്ചായത്തുകള്‍, നാല് മുനിസിപ്പാലിറ്റികള്‍, കൊച്ചിന്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലായി 1600ല്‍ അധികം സ്ഥാനാര്‍ത്ഥികളെയാണ് ട്വന്റി20 മത്സര രംഗത്ത് ഇറക്കുന്നത്. പരസ്പരം പോരടിച്ചും, അഴിമതി നടത്താന്‍ മത്സരിച്ചും മുന്നോട്ടുപോയിരുന്ന കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ ദിനംപ്രതി വളരുന്ന ജനപിന്തുണയോടെ ട്വന്റി20 ഒരു മാറ്റത്തിന്റെ തരംഗം സൃഷ്ടിച്ചു. ഇന്ന് കേരളം ഒട്ടാകെ ആ മാറ്റത്തിന്റെ അലയൊലികള്‍ക്കായി കൊതിക്കുന്നു.
2020ല്‍ സമീപ പഞ്ചായത്തുകളില്‍ ഒരു വാര്‍ഡ് കമ്മിറ്റി പോലും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ട്വന്റി20 തിരഞ്ഞെടുപ്പ് മത്സര രംഗത്ത് വെന്നിക്കൊടി പാറിച്ചത്. ഇന്ന് ഒമ്പത് ജില്ലകളില്‍ 60 പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍, മറ്റ് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കുന്നതിനും അപ്പുറം, ഇവിടെയെല്ലാം ട്വന്റി20ക്ക് സംഘടനാ സംവിധാനം കെട്ടിപ്പടുക്കാന്‍ സാധിച്ചു.
പരമ്പരാഗത പാര്‍ട്ടികളെപ്പോലെ തോല്‍വിയെ ഭയന്നുകൊണ്ടല്ല ട്വന്റി20 മുന്നോട്ട് പോകുന്നത്. കേരളത്തില്‍ ഒരു മാറ്റം സൃഷ്ടിക്കുകയാണ് ട്വന്റി20. അഴിമതി രഹിത ഭരണം എന്ന ആവശ്യമാണ് എവിടെയും ഉയരുന്നത്. അതുകൊണ്ടുതന്നെ, കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സീറ്റുകളിലും ട്വന്റി20 മത്സരിക്കണമെന്ന ആവശ്യം ജനങ്ങള്‍ ശക്തമായി ഉന്നയിക്കുന്നു. എന്നാല്‍ അതിനുള്ള മുഴുവന്‍ സംവിധാനത്തിലേയ്ക്ക് പാര്‍ട്ടി ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല. അതുകൊണ്ടാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒമ്പത് ജില്ലകളില്‍ മാത്രമായി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് പറഞ്ഞു.
ഏതെങ്കിലും ഒരു സീറ്റില്‍ തോല്‍വി ഏറ്റുവാങ്ങി എന്നതുകൊണ്ട് ഭയക്കുന്ന പാര്‍ട്ടിയല്ല ട്വന്റി20. തോല്‍വിയില്‍ പാര്‍ട്ടി ദു:ഖത്തെ നേരിടുന്ന സാഹചര്യമില്ല. ഒന്നും പ്രതീക്ഷിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന പാര്‍ട്ടിയല്ലിത്. കാരണം, ഓരോ പഞ്ചായത്തും നഷ്ടപ്പെടുമ്പോള്‍ അഴിമതിയിലൂടെ ലഭിക്കാന്‍ സാധ്യതയുള്ള കോടികളുടെ നഷ്ടത്തിന്റെ കണക്കുകളാണ് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പറയാനുള്ളത്. എന്നാല്‍ അഴിമതി രഹിത ഭരണമെന്ന വലിയൊരു ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ട്വന്റി20ക്ക് അത്തരത്തിലൊരു നഷ്ടത്തെ ഭയക്കേണ്ടതില്ല. അതുകൊണ്ടുതന്നെ, ജനങ്ങള്‍ ആഗ്രഹിക്കുന്ന വിജയം പതിവുപോലെ ഈ തിരഞ്ഞെടുപ്പിലൂം ട്വന്റി20യിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
















