കേരള ഇനി മുതല്‍ കേരളം ആയാണ് അറിയപ്പെടുക. ഇത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള ശബ്ദമാണ്. ഈ മഹത്തായ സംസ്ഥാനത്തെ രാജ്യം മുഴുവന്‍, ലോകം മുഴുവന്‍ ഇനി കേരളം എന്ന് വിളിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഈ ഐതിഹാസികമായ തീരുമാനമെടുത്തത് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാരാണ് എന്നതിലും ഞാന്‍ അഭിമാനിക്കുന്നതായും ഇത് മലയാളത്തിന്റെ മഹത്തായ പാരമ്പര്യത്തിനുള്ള അംഗീകാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിജി പറഞ്ഞു. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തത്സമയ സംപേക്ഷണം കാണാം..
പ്രീയപ്പെട്ടവരേ, 21-ാം നൂറ്റാണ്ടിന്റെ ഈ സമയം എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സമയമാണ്. കേരളത്തിന് പുതിയ ഒരു ഭാവിയും തുടക്കവും ഉണ്ടാകേണ്ട സമയമാണിത്. കേരളത്തിലെ ജനത, ഇടത് വലത് രാഷ്ട്രീയത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവരാന്‍ മാനസികമായി തയ്യാറെടുത്തിരിക്കുന്ന സമയമാണിത്. ഇവിടെ ഒത്തുകൂടിയിരിക്കുന്ന വന്‍ ജനാവലിയുടെ മുഖത്തും ആ ആവേശം വ്യക്തമായി കാണാനാവുന്നുണ്ട്. തൃശൂരിലെ ജനത, കേരളത്തിലെ ജനങ്ങള്‍, നിരവധി പഞ്ചായത്തുകളിലെ ജനങ്ങള്‍ ഇവരൊക്കെ ബി.ജെ.പിയിലും എന്‍.ഡി.എയിലും അര്‍പ്പിച്ച വിശ്വാസത്തിനൊപ്പം മുഴുവന്‍ കേരളവും എന്‍.ഡി.എയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ പോവുകയാണ്.
നമ്മുടെ കേരളത്തിന് മനോഹരമായ ഭൂപ്രദേശവും കാലാവസ്ഥയും കഴിവുള്ള ജനതയും ഉണ്ടായിട്ടും കേരളം അര്‍ഹിക്കുന്ന വികസനം മാത്രം ഉണ്ടായിട്ടില്ല. ഇതിന് കാരണം കേരളത്തെ മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളാണ്. ഈ മുന്നണികളുടെ ദുര്‍ഭരണം മൂലം കേരളത്തിന് വലിയ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ ഞങ്ങളുടെ അവസരം വരുമെന്നാണ് രണ്ട് മുന്നണികളും കരുതുന്നത്. അതുകൊണ്ടാണ് അവര്‍ കേരളത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവാത്തത്. ഈ രീതി കേരളത്തില്‍ അഴിമതി നടക്കാന്‍ കാരണമാകുന്നു. ആയതിനാല്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
കേരളത്തിന്റെ അതിവേഗ വികസനത്തിന് ഈ രണ്ട് മുന്നണികളും മാറിമാറി അധികാരത്തില്‍ വരുന്ന രീതി മാറിവരേണ്ടതുണ്ട്. അതുകൊണ്ട് ഞാന്‍ കേരളത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു ഇത്തവണ നിങ്ങള്‍ ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ അധികാരത്തിലേറ്റണം. ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും നിങ്ങള്‍ 70 വര്‍ഷം അവസരം നല്കി. 5 വര്‍ഷം ദേശിയ ജനാധിപത്യ സഖ്യത്തിന് അവസരം നല്കിയാല് വികസിത കേരളമെന്ന മനോഹരമായ കാഴ്ച കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്. ഇതുവരെ മാറാത്തത് മാറ്റിയതില്‍ മോദിയുടെ ഗ്യാരന്റി നിങ്ങള്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നു ഇനി മാറാത്തത് മാറും. കേരളവും വളരും.
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ എത്തിയിരിക്കുന്നത് എന്‍.ഡി.എയുടെ വികസന പദ്ധതികളുടെ രൂപ രേഖ പങ്കുവയ്ക്കുന്നതിനായാണ്. മാനസിക ശാരീരിക സൗഖ്യത്തിനും വിനോദ സഞ്ചാരത്തിനും കേരളത്തെ ഒന്നാമത് എത്തിക്കുക എന്നതാണ് എന്‍.ഡി.എയുടെ ലക്ഷ്യം. വലിയ വലിയ സമ്മേളനങ്ങള്‍ക്കായി ലോകം കേരളത്തില്‍ എത്തുക എന്നതാണ് എന്‍.ഡി.എയുടെ ലക്ഷ്യം. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കണമെങ്കില്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖല മെച്ചപ്പെടണം. ഇതിനായി കേന്ദ്രം നല്കിയ പദ്ധതികള്‍ തടസ്സമില്ലാതെ നടപ്പിലാക്കാനും പൂര്‍ത്തിയാക്കാനും കഴിയണം.
വികസിത കേരളം സാധ്യമാക്കാന്‍ ഏറ്റവും അത്യവശ്യമായി വിനോദ സഞ്ചാര മേഖലകളിലും സാങ്കേതിക രംഗത്തും യുവാക്കളുടെ പ്രാതിനിധ്യം ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ ആദ്യ 25 വര്‍ഷങ്ങളില്‍ ഇടത് വലത് മുന്നണികള്‍ കേരളത്തിലെ യുവാക്കളെ വഞ്ചിക്കുകയായിരുന്നു. കോണ്‍ഗ്രസിനാകട്ടെ കേരളത്തിലെ എന്നല്ല രാജ്യത്തെ തന്നെ യുവാക്കളില്‍ വിശ്വാസമില്ലാതെ ആയിരിക്കുന്നു. ഭാരതത്തിലെ യുവാക്കള്‍ക്ക് ഡ്രോണ്‍ നിര്‍മ്മാണത്തില്‍ എത്രത്തോളം വൈദഗ്ധ്യമുണ്ടെന്ന് ഭാരതത്തിലെ യുവരാജാവിന് അറിയില്ലാ എന്നതും നാം കണ്ടു. ഡ്രോണ്‍ നിര്‍മ്മിക്കുന്ന നിരവധി കമ്പനികള്‍ ഭാരതത്തിലുണ്ട് എന്ന കാര്യം പോലും ഈ കോണ്‍ഗ്രസ് നേതാവിന് അറിയില്ല. കേരളത്തില്‍തന്നെ ഇത്തരത്തില്‍ നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളുണ്ട്. എന്നാല്‍ കൂപമണ്ഡൂകങ്ങളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാജ്യത്ത് നടക്കുന്ന പരിവര്‍ത്തനങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല. അവര്‍ക്ക് ഭാരതത്തിലെ യുവാക്കളുടെ കഴിവിനെ മനസ്സിലാക്കാന്‍ പോലും സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബി.ജെ.പി എന്‍.ഡി.എ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായാല്‍ പ്രതിഭകളായ യുവാക്കളോട് നീതി പുലര്‍ത്തുമെന്ന കാര്യം ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. വിദേശ നിക്ഷേപത്തിനുള്ള അവസരം സൃഷ്ടിക്കും, വികസനത്തെ തടയുന്ന അഴിമതി, ചുവപ്പുനാട, ഭൂമാഫിയ, ഹര്‍ത്താല്‍ മാഫിയ എന്നിവയെ എല്ലാം എന്‍.ഡി.എ തുടച്ചുനീക്കും. എ.ഐ അടക്കമുള്ള ഭാവി സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. കേരളത്തിലെ പ്രതിഭകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഇവിടെ ഉണ്ടാക്കും.
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനം എന്നതും ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും ലക്ഷ്യങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ 11 വര്‍ഷത്തില്‍ മത്സ്യോല്‍പ്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം ഭാരതം കരസ്ഥമാക്കി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ മത്സ്യ തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ പദ്ധതികളുടെ നേട്ടമാണിത്. മത്സ്യ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമുള്ള ക്രെഡിറ്റ് കാര്‍ഡ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ അടക്കം നാല് ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. കൂടാതെ 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും നല്കി. സമുദ്ര മേഖലയെ ഉപയോഗിച്ചുകൊണ്ടുള്ള ബ്ലു എക്കോണമി ശക്തിപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖം.
പശ്ചിമേഷ്യയില്‍, ഗള്‍ഫ് രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ആശയങ്കയുണ്ടാകാം. കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരങ്ങളാണ് ഈ രാജ്യങ്ങളിലുള്ളത്. എന്നാല്‍ നിങ്ങള്‍ ഓര്‍ക്കണം, ഇന്ന് രാജ്യം ഭരിക്കുന്നത് ബി.ജെ.പി നേതൃത്വം നല്കുന്ന ദേശിയ ജനാധിപത്യ സഖ്യമാണ്. നമ്മുടെ ഏതെങ്കിലും ഒരു പൗരന് ബുദ്ധിമുട്ടുണ്ടായാല്‍ അവരെ സുരക്ഷിതമായി രാജ്യത്ത് തിരികെ എത്തിക്കുവാനുള്ള ശക്തി ഇന്ന് ഭാരതത്തിനുണ്ട്. അത് ഇറാഖില്‍ അകപ്പെട്ട നഴ്സുമാരെ രക്ഷിക്കുന്ന കാര്യത്തിലാവട്ടെ യമനില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്ന് ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കുന്ന കാര്യത്തിലാവട്ടെ ഭാരതത്തിലെ ഒരു പൗരനെയും അവരുടെ കഷ്ടകാലത്ത് ഉപേക്ഷിക്കുന്ന ഭാരതമല്ല ഇന്നുള്ളത്.
താലിബാന് ഭീകരരുടെ തടവിലായിരുന്ന ഫാ. അലക്സിസ് പ്രേംകുമാറിനെ നാം സുരക്ഷിതമായി തിരികെ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ നാം പ്രയത്നിക്കുന്നത് പശ്ചിമേഷ്യയില്‍ ദുരിതം അനുഭവിക്കുന്ന ഭാരതീയര്‍ക്ക് എല്ലാ സുരക്ഷയും നല്‍കുക എന്നതാണ്.
പശ്ചിമേഷ്യയിലെ നമ്മുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഗള്‍ഫിലെ നമ്മുടെ സുഹൃത് രാജ്യങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് കേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷവും നാടിന്റെ ക്ഷേമം തകര്‍ക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇടവ് വലത് മുന്നണികള്‍ പേരിനാല്‍ വ്യത്യസ്തമെങ്കിലും പ്രവര്‍ത്തനത്തില്‍ സാമ്യമുണ്ട്. നാടിന്റെ വളര്‍ച്ചയെ തടയുന്നതിനും വര്‍ഗീയത പരത്തുന്നതിലും വികസനം തടയുന്നതിലും അവര്‍ പങ്കാളികളാണ്.
സോളാര്‍ അഴിമതിയില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പെട്ടപ്പോള്‍ സി.എം.ആര്.എല്‍ അഴിമതിയിലാണ് ഇടതുപക്ഷം പെട്ടിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള അഴിമതിയില്‍ ഇരുകൂട്ടര്‍ക്കും പങ്കാളിത്തമുണ്ട്. ഇടത് നേതാക്കള്‍ ആരോപണ വിധേയരായത് സ്വര്‍ണ കൊള്ളയിലാണെങ്കില് ശബരിമലയില്‍ നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുപോയി വില്‍ക്കുന്ന കാര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായിരിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ന് എം.എം.സി കോണ്‍ഗ്രസ് അഥവാ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസായി മാറിയിരിക്കുന്നു. കേരളത്തില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് ഇന്ന് ജമാത്തേ ഇസ്ലാമിയെയും മറ്റ് തീവ്രവാദ സംഘടനകളെയും കൂട്ടുപിടിക്കുകയാണ്. ഇത്തരം പാര്‍ട്ടികള്‍ തങ്ങളുടെ വിഘടനവാദ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ സമാധാനം തകര്‍ക്കാന്‍ നോക്കുകയാണ്. എം.എം.സി കോണ്‍ഗ്രസ് അവര്‍ക്ക് പിന്തുണ നല്‍കുകയാണ്. ഇടതുമുന്നണിയാകട്ടെ പി.ഡി.പി പോലുള്ള തീവ്രവാദ സംഘടനകളുമായി നേരത്തെ മുതല്‍ ബന്ധമുള്ളവരാണ്. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന ഇത്തരക്കാരെ അകറ്റി നിര്‍ത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ഈ രണ്ട് മുന്നണികളുടെ ഗൂണാലോചയ്ക്ക് ഇടയിലും എന്‍.ഡി.എ ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്റെ വികസനമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ഒരുങ്ങുന്ന എന്‍.ഡി.എ സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിനായി രാപ്പകല്‍ അധ്വാനിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. കേരളത്തില്‍ ഒരു ഇരട്ട എഞ്ചിന് സര്‍ക്കാര്‍ വരുന്നതിലൂടെ സംസ്ഥാനം അതിവേഗം മുന്നോട്ട് കുതിക്കുമെന്ന് ഉറപ്പാണെന്നും ഈ ജനസാഗരം ആ സൂചന നല്‍കുന്നതായും മോദിജി കൂട്ടിച്ചേര്‍ത്തു.













