ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല ചേലാണെന്ന് പറയുന്നതുപോലെയാണ് റെയ്ഡ് വിഷയത്തില്‍ ആന്റോ അഗസ്റ്റില്‍ വിലപിക്കുന്നതെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. മെസ്സി വിവാദത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വി ചാനലില്‍ പോലീസ് നടത്തിയ റെയ്ഡിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പതിനായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന കിറ്റക്‌സിന്റെ ഫാക്ടറിയില്‍ തുടര്‍ച്ചയായി 12 ദിവസമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റെയ്ഡ് നടന്നത്. ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി. ജീവനക്കാരെ ബാത് റൂമില്‍ പോലും പോകാന്‍ ഉദ്യോഗസ്ഥര്‍ അന്ന് അനുവദിച്ചില്ല. അവര്‍ക്ക് തോന്നുന്ന രേഖകളെല്ലാം പിടിച്ചുകൊണ്ടുപോയി. ഒരു നോട്ടീസ് പോലും നല്‍കാതെ നടന്ന ഈ റെയ്ഡുകളെ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ അന്ന് ആന്റോ അഗസ്റ്റിന്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. റെയ്ഡില്‍ തെറ്റില്ലെന്നും, കഴിയുമെങ്കില്‍ എല്ലാ മാസവും കിറ്റക്‌സില്‍ റെയ്ഡ് നടത്തണമെന്നും അന്ന് പറഞ്ഞ ആന്റോ, സ്വന്തം സ്ഥാപനത്തില്‍ നടന്ന പോലീസ് റെയ്ഡിനെ തള്ളി പറയുന്നത് എന്തുകൊണ്ടാണ്.
ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല ചേലാണെന്ന് പറയുന്നതുപോലെയാണ് റെയ്ഡ് വിഷയത്തില്‍ ആന്റോയുടെ വിലാപം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിക്കൊണ്ട് വിവിധ വകുപ്പുകളില്‍ നിന്നായി 12 ദിവസം തുടര്‍ച്ചയായി നൂറു കണക്കിന് ഉദ്യോഗസ്ഥര്‍ കിറ്റക്‌സില്‍ നടത്തിയ റെയ്ഡിനെ പിന്തുണച്ചയാള്‍, ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നോ രണ്ടോ മണിക്കൂര്‍ റിപ്പോര്‍ട്ടറില്‍ നടത്തിയ റെയ്ഡിനെ കുറിച്ച് വിലപിക്കുന്നു. ഈ രാജ്യത്ത് ഏതൊരു പൗരനുമുള്ള അവകാശങ്ങള്‍ മാത്രമേ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഒള്ളു. പോലീസ് റിപ്പോര്‍ട്ടര്‍ ചാനില്‍ നടത്തിയ റെയ്ഡ് കിറ്റക്‌സില്‍ നടത്തിയ റെയ്ഡുകളെ അപേക്ഷിച്ച് നിസ്സാരമാണ്. ആന്റോ അഗസ്റ്റിനും, റിപ്പോര്‍ട്ടര്‍ ചാനലിനും എതിരായ മുഴുവന്‍ തെളിവുകളും താന്‍ ശേഖരിച്ചിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

















