കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കുന്നതില്‍ കുന്നത്തുനാട്ടിലെ മാതാപിതാക്കള്‍ കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണെന്ന് സാബു ജേക്കബ് പറഞ്ഞു. കുട്ടികള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രയത്‌നിക്കുന്നതും അഭിനന്ദാര്‍ഹമാണ്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം സാധ്യമാക്കാന്‍ അവസരമൊരുക്കുക എന്നതാണ് നാം ഓരോരുത്തരുടെയും കടമ. കുട്ടികള്‍ ഈ അവസരങ്ങളെ പ്രയോജനപ്പെടുത്തുമ്പോള്‍, നാം നല്‍കുന്ന പ്രോത്സാഹനങ്ങള്‍ അവര്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന പ്രോത്സാഹനമാണ് ട്വന്റി20 നല്‍കിയ മനോഹരമായ ട്രോഫികളെന്നും അദ്ദേഹം പറഞ്ഞു.
തത്സമയ ദൃശ്യങ്ങള്‍ കാണാം
ഒരിക്കല്‍ താന്‍ രണ്ടായിരത്തോളം വരുന്ന സദസ്സിനെനോക്കി ചോദിച്ചിരുന്നു, നിങ്ങളില്‍ എത്രപേര്‍ നിങ്ങളുടെ മാതാപിതാക്കളെ കെട്ടിപ്പിടിക്കാറുണ്ടെന്ന്. രണ്ടോ മൂന്നോ പേരാണ് അന്ന് കൈ ഉയര്‍ത്തിയതെന്ന് സാബു ജേക്കബ് ഓര്‍മിച്ചു. നമ്മെ നാമാക്കിയ മാതാപിതാക്കളെ ഒന്നു കെട്ടിപ്പിടിക്കുക, അവര്‍ക്ക് ഒരു മുത്തം കൊടുക്കുക എന്നതില്‍ നിന്നും ലഭിക്കുന്ന ഒരു സന്തോഷം എത്ര പണം ലഭിച്ചാലും കിട്ടാത്തതിലും അപ്പുറമാണ്.
ഓരോ വിദേശ യാത്രകളിലും അമ്മയ്ക്ക് എന്താണ് വാങ്ങി നല്‍കേണ്ടതെന്ന് ഞാന്‍ ഓര്‍ക്കാറുണ്ട്. പ്രായമായ അമ്മയ്ക്ക് മുമ്പില്‍ ഒരുകോടി രൂപയോ നൂറു പവന്‍ സ്വര്‍ണമോ കൊണ്ടുപോയിവെച്ചാല്‍ ആ മാതാവ് ചോദിക്കും, മകനെ എനിക്ക് എന്തിനാണ് ഈ പണമെന്ന്. അതേസമയം, മാതാപിതാക്കളുടെ അടുത്ത് ഒരു അഞ്ചു മിനിറ്റ് സമയം നമുക്ക് സന്തോഷത്തോടെ ചിലവഴിക്കാന്‍ സാധിച്ചാല്‍ കോടിക്കണക്കിന് രൂപയേക്കാള്‍ അപ്പുറം മൂല്യമുണ്ടാകും ആ നിമിഷങ്ങള്‍ക്ക്. അതുകൊണ്ട്, പ്രിയപ്പെട്ട കുട്ടികളോട് എനിക്ക് പറയുവാനുള്ളത്, നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളോട് അനുകമ്പയോടെയും സ്‌നേഹത്തോടെയും പെരുമാറിയില്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ഒരിക്കലും നികത്താന്‍ കഴിയാത്തതായിരിക്കുമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.













