Home Top News പൂതൃക്ക പഞ്ചായത്തിന് സൗജന്യ ആംബുലന്‍സ് കൈമാറി ട്വന്റി20

പൂതൃക്ക പഞ്ചായത്തിന് സൗജന്യ ആംബുലന്‍സ് കൈമാറി ട്വന്റി20

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൂതൃക്ക പഞ്ചായത്തിന് വാഗ്ദാനം ചെയ്തിരുന്ന സൗജന്യ ആംബുലന്‍സ് പഞ്ചായത്തിന് കൈമാറി ട്വന്റി20. പൂതൃക്ക എ.ആര്‍.സി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബില്‍ നിന്നും പഞ്ചായത്തിലെ ട്വന്റി20യുടെ വാര്‍ഡ് മെമ്പര്‍മാര്‍ ആംബുലന്‍സ് ഏറ്റുവാങ്ങി. 9400 30 2020 എന്ന നമ്പരില്‍ ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഏകദേശം 20 ലക്ഷം രൂപയാണ് ആംബുലന്‍സ് സേവനത്തിനായി ചിലവായത്.

ട്വന്റി20 മെമ്പര്‍ക്ക് 20 ലക്ഷം രൂപ കോഴ നല്‍കി രാഷ്ട്രീയ കുതിരകച്ചവടത്തിലൂടെ പൂതൃക്ക പഞ്ചായത്തിലെ ഭരണം കോണ്‍ഗ്രസ്സ് പാര്‍ട്ടി അട്ടിമറിച്ചെങ്കിലും, ട്വന്റി20 പാര്‍ട്ടി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ തിരിഞ്ഞെടുപ്പ് വാഗ്ദാനമാണ് ആംബുലന്‍സ് വിതരണത്തിലൂടെ നടപ്പാക്കിയതെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 പഞ്ചായത്തിനായി ആംബുലന്‍സ് വിതരണം നടത്താനുള്ള പദ്ധതിയുണ്ടെന്ന് തിരിച്ചറിഞ്ഞ് ഈ പരിപാടി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു.

ഇതിനായി, എറണാകുളം ജില്ലാ ആശുപത്രിയില്‍ 2022 മുതല്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന പഴയ ആംബുലന്‍സ് പൂതൃക്കയില്‍ കൊണ്ടുവന്ന് ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചതായി ബന്നി ബഹനാന്‍ എം.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഉപയോഗിച്ചിരുന്ന പഴയ ആംബുലന്‍സാണ് പൂതൃക്ക പഞ്ചായത്തിനുവേണ്ടി എന്ന രീതിയില്‍ സര്‍വ്വീസ് നടത്താനായി കോണ്‍ഗ്രസ് എത്തിച്ചത്. സൗജന്യ ആംബുലന്‍സ് സേവനമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും ഒടുവില്‍ സൗകര്യപൂര്‍വ്വം ആ സൗജന്യം പിന്‍വലിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. നല്ലത് ആര് ചെയ്താലും അത് അംഗീകരിക്കുന്നതില്‍ ട്വന്റി20ക്ക് തടസ്സമില്ല. എന്നാല്‍ ബെന്നി ബഹന്നാന്‍ എം.പി അനുവദിച്ചത് എന്ന രീതിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് പഞ്ചായത്തില്‍ എത്തിച്ചത് ജനങ്ങളുടെ കണ്ണില്‍പൊടിയിടലാണ്.

വീഡിയോയുടെ പൂര്‍ണ രൂപം കാണാം

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം നല്ലത് തന്നെയാണ്. പ്രത്യേകിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ആണെങ്കില്‍. ഇത്തരത്തില്‍ പൂതൃക്ക പഞ്ചായത്തിനായി ട്വന്റി20 അടുത്തതായി ഒരു ഫയര്‍ എഞ്ചിനാണ് കൊടുക്കാന്‍ പദ്ധതിയിടുന്നത്. കഴിയുമെങ്കില്‍ കോണ്‍ഗ്രസും ഒരു ഫയര്‍ എഞ്ചിന്‍ പഞ്ചായത്തിലേയ്ക്ക് നല്‍കട്ടെയെന്നും, നമുക്കൊരു മത്സരം നടത്തിനോക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ട്വന്റി20 ആയിരുന്നു ഇപ്പോഴും പഞ്ചായത്ത് ഭരിച്ചിരുന്നത് എങ്കില്‍, ജനങ്ങളുടെ അവകാശങ്ങള്‍ നിറവേറ്റാന്‍ എല്ലാ ദിവസവും മൂന്ന് ട്വന്റി20 മെമ്പര്‍മാര്‍ പഞ്ചായത്തില്‍ ഉണ്ടാകുമായിരുന്നു. സേവനങ്ങള്‍ക്കായി പഞ്ചായത്ത് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണ സൗകര്യം ട്വന്റി20 നടപ്പിലാക്കിയേനെ. കഴിയുമെങ്കില്‍ ട്വന്റി20 നടത്തിവന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നടത്തിക്കാണിക്കട്ടെ. അതിന് കഴിയില്ലെങ്കില്‍ ഈ സേവനങ്ങള്‍ നല്‍കാന്‍ ട്വന്റി20ക്ക് പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കട്ടെയെന്നും സേവനങ്ങള്‍ തുടര്‍ന്ന് നല്‍കാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നത് അടക്കം പഞ്ചായത്തില്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ട്വന്റി20 മെമ്പര്‍മാര്‍ ഭരണസമിതിയെ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അനുമതി നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ട്വന്റി20 ഭരിക്കുന്ന മറ്റ് പഞ്ചായത്തുകള്‍ക്ക് സമാനമായി പൂതൃക്ക പഞ്ചായത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് ഭരണസമിതി തയ്യാറാകണം.

ട്വന്റി20 വിജയിച്ച വാര്‍ഡുകളില്‍ പുല്ലുവെട്ട് അടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഫലവൃക്ഷ തൈ വിതരണം അടക്കം മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും പാര്‍ട്ടി നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. ഭരണസമിതിയുടെ അനുമതി വേണ്ടാത്ത ഇത്തരം പദ്ധതികള്‍ അഞ്ചുവര്‍ഷക്കാലം മുഴുവന്‍ തടസ്സമില്ലാതെ നടപ്പിലാക്കും.

അടുത്തമാസം തിരുവാണിയൂര്‍, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലും സൗജന്യ ആംബുലന്‍സ് സേവന പദ്ധതി ട്വന്റി20 നടപ്പിലാക്കും. ഏഴ് വര്‍ഷമായി ഭരിക്കുന്ന ബെന്നി ബഹന്നാന്‍ എം.പി പൂതൃക്കയില്‍ നല്‍കിയപോലെ ഈ പഞ്ചായത്തുകളിലും ആംബുലന്‍സ് വിതരണം നടത്തുമോയെന്ന് നമുക്ക് കാത്തിരുന്നുകാണാം.

കാര്‍ഷിക വിപണി, സൗജന്യ കുടിവെള്ള പദ്ധതി തുടങ്ങി നിരവധി പദ്ധതികളും ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ പ്രഖ്യാപിച്ചു. ട്വന്റി20 ഭരണം നടത്തുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏഴിപ്രം, മോനിപ്പിള്ളി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തുടങ്ങുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

ചടങ്ങില്‍ എന്‍.ഡി.എ കുന്നത്തുനാട് കണ്‍വീനര്‍ വി.എന്‍.വിജയന്‍, ട്വന്റി 20 കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജിബി അബ്രാഹം, സെക്രട്ടറി ജിന്റോ ജോര്‍ജ്, കമ്മറ്റി അംഗം പി.കെ.ജോര്‍ജ്, ട്വന്റി20 പാര്‍ട്ടി സെക്രട്ടറി അഗസ്റ്റിയന്‍ ആന്റ്ണി, കിണ്ണിണിമറ്റം വാര്‍ഡ് മെമ്പര്‍ എലീസ മാത്യു, ഫാദര്‍ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here